വത്തിക്കാന്‍ സിറ്റി: ജലത്തിന്റെ പരിപാലനത്തിനായി ലെയോ പാപ്പയുടെ സെപ്റ്റംബർ മാസത്തെ പ്രാര്‍ത്ഥനാനിയോഗം. മാര്‍പാപ്പയുടെ പേരിലുള്ള പ്രാർത്ഥനാശൃംഖല പുറത്തുവിട്ട പ്രാർത്ഥനാനിയോഗ വീഡിയോയിലാണ് ജലത്തിന്റെ പരിപാലനത്തിനായി പ്രാർത്ഥിക്കുവാൻ പാപ്പ ആഹ്വാനം നടത്തിയിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ ആവശ്യഘടകങ്ങളിൽ ഒന്നായ, ജലം, ഓരോ വ്യക്തിയുടെയും അവകാശമാണെന്നും അല്ലാതെ, വിപണിയുടെ തന്ത്രങ്ങളിൽ ഉൾപ്പെടുത്താവുന്ന ഒരു ചരക്കു വസ്തു അല്ലായെന്നും ഓർമ്മപ്പെടുത്തിക്കൊണ്ട്, ജലത്തിന്റെ പരിപാലനത്തിനായി പ്രാർത്ഥിക്കുവാൻ പാപ്പ ആഹ്വാനം ചെയ്തു.
സെപ്റ്റംബർ 1, സൃഷ്ടി സംരക്ഷണത്തിനായുള്ള ലോക പ്രാർത്ഥനാദിനത്തിലാണ്, പ്രാർത്ഥനാനിയോഗ വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജലം ഫലഭൂയിഷ്ഠതയുടെയും പുതുമയുടെയും പ്രത്യാശയുടെയും ഉറവിടമാണെന്നും ദാഹം ശമിപ്പിക്കുകയും, ഭൂമിയെ ഫലഭൂയിഷ്ഠമാക്കുകയും, മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരു ദാനമാണെന്നും പ്രാർത്ഥനയിൽ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കൃതജ്ഞതയോടും നീതിയോടും ഉത്തരവാദിത്വത്തോടും കൂടി ജലം സംരക്ഷിക്കുക എന്ന ആഹ്വാനമാണ് പാപ്പ മുൻപോട്ടു വയ്ക്കുന്നത്.