ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് കത്തീഡ്രലില്‍ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രപ്പോലീത്തായുടെ നേതൃത്വത്തില്‍ പ്രാര്‍ഥനയ്ക്ക് ശേഷമാണ് കൊടിമരം ഉയര്‍ത്തിയത്. എട്ടുനോമ്പ് പെരുന്നാള്‍ അനേകരുടെ ജീവിതത്തിന് വലിയ ആത്മീയ നിറവാണെന്ന് മെത്രപ്പോലീത്ത പറഞ്ഞു.

മണര്‍കാട് കരയില്‍ ചിരട്ടേപ്പറമ്പില്‍ വര്‍ഗീസ് കുരുവിളയുടെ ഭവനാങ്കണത്തില്‍ നിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷപൂര്‍വമാണ് കത്തീഡ്രലില്‍ എത്തിച്ചത്. ആര്‍പ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും കത്തീഡ്രല്‍ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസീസമൂഹം കൊടിമരവുമായി വലംവച്ച ശേഷം കല്‍ക്കുരിശിനു സമീപം എത്തിച്ചു. തുടര്‍ന്ന്, സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രപ്പോലീത്തായുടെ നേതൃത്വത്തില്‍ പ്രാര്‍ഥനയ്ക്ക് ശേഷം കൊടിമരം ഉയര്‍ത്തി. അതേസമയം, കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയര്‍ത്തി. എട്ടുനോമ്പിന്റെ ഒന്നാം ദിനം കത്തീഡലില്‍ നടന്ന വിശുദ്ധ മൂന്നിമേൽ കുര്‍ബാനയ്ക്ക് അഭിവന്ദ്യ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. എട്ടുനോമ്പ് പെരുന്നാള്‍ അനേകരുടെ ജീവിതത്തിന് വലിയ ആത്മീയ നിറവാണെന്നും മാതാവിന്റെ ജീവിതമാതൃക വിശ്വാസികള്‍ക്ക് അന്ധകാരത്തില്‍ പ്രകാശം പകരുന്നതായിരിക്കണമെന്നും മെത്രപ്പോലീത്താ ഉദ്ബോധിപ്പിച്ചു.