കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് സഭ മുന്നേറണമെങ്കില്‍ കൂട്ടായ പ്രവര്‍ത്തനവും ക്രിയാത്മക ചിന്തയും അനിവാര്യമാണെന്ന് ബത്തേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനാത്മകവും വ്യത്യസ്തവുമായ ചിന്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അഭിപ്രായപ്പെട്ടു. മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ നേതൃത്വത്തില്‍ ബത്തേരി ശ്രേയസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച എംസിഎ അല്മായവൈദിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ പിതാവ്.
ഒറ്റയ്ക്ക് ആര്‍ക്കും വിജയിക്കാനാകില്ലെന്നും സഭയുടെ വളര്‍ച്ചയ്ക്ക് മികച്ച ടീം വര്‍ക്ക് ആവശ്യമാണെന്നും ബത്തേരി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു. എംസിഎ, എംസിഎംഎ ഫ്, എംസിവൈഎം, എംസിസിഎല്‍ തുടങ്ങിയ സംഘടനകള്‍ വിവിധ മേഖലകളില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനവും സഭയെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും അനിവാര്യമാണ്. ലക്ഷ്യബോധത്തോടെയും സഭയെക്കുറിച്ചുള്ള നല്ല കാഴ്ചപ്പാടോടെയും സംഘടനകള്‍ ടീം വര്‍ക്കായി മുന്നേറിയാല്‍ സഭയ്ക്ക് അതിവേഗം വളരാനും വികസിക്കാനും സാധിക്കും. സഭയുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനാത്മകവും വ്യത്യസ്തവുമായ ചിന്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. പ്രാര്‍ഥന, പഠനം, വിലയിരുത്തല്‍ എന്നിവയിലൂടെ പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തണമെ ന്നും രൂപതാദ്ധ്യക്ഷന്‍ വ്യക്തമാക്കി. ആത്മീയ രൂപീകരണവും നേതൃത്വവുമാണ് സഭാ പ്രവര്‍ത്തനങ്ങളുടെ അടിത്തറ. മെത്രാന്‍മാരും വൈദികരും അല്മായ നേതാക്കളും തങ്ങളുടെ വ്യക്തിത്വവും നേതൃത്വശേഷിയും സഭയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിലെ അല്മായരുടെ സേവനവും സഭയുടെ ശുശ്രൂഷയുടെ ഭാഗമാണെന്നും ഓര്‍മ്മപ്പെടുത്തി. ബത്തേരി ഭദ്രാസനം പ്രസിഡന്റ് പ്രിന്‍സ് ഏബ്രഹാം, മുഖ്യവികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ കീപ്പള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ, സഭാതല പ്രസിഡന്റ് ഡോ. എസ്.ആര്‍. ബൈജു, വികാരി ജനറാള്‍ മോണ്‍. ഡോ. ജേക്കബ് ഓലിക്കല്‍, ഗുരുകുലം മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഡോ. ചാക്കോ വെള്ളംച്ചാലില്‍, മുന്‍ രൂപത പ്രസിഡന്റ് പി.ഐ. വര്‍ഗീസ്, രൂപത വൈദികോപദേഷ്ടാവ് ഫാ. ജയിംസ് മലേപറമ്പില്‍, രൂപത ജനറല്‍ സെക്രട്ടറി ചാക്കോ നരിമറ്റത്തില്‍ എന്നിവരും പ്രസംഗിച്ചു. തുടര്‍ന്ന് വിവധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരെ ആദരിക്കുകയും ചെയ്തു.